വാഷിംഗ്ടൺ ഡിസി: ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലും ലബനനും വെടിനിർത്തൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതിൽ നടന്ന നാലാം വട്ട ചർച്ചയിലാണു ധാരണ.
ഇതുപ്രകാരം വടക്കൻ ലബനനിൽ ഇസ്രേലി അതിർത്തി മുതൽ ലിതാനി നദി വരെയുള്ള ഭാഗത്തുനിന്നു ഹിസ്ബുള്ള ഭീകരർ പിന്മാറും. നിലവിൽ ഈ പ്രദേശം ഇസ്രേലി കരസേനയുടെ അധിനിവേശത്തിലാണ്.
ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലാണ് ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്. എന്നാൽ, തെക്കൻ ലബനനിൽ ഇന്നലെയും ഇസ്രേലി ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇസ്രയേലും ലബനനും ഭാഗിക വെടിനിർത്തലിനു സമ്മതിച്ചതായി തിങ്കളാഴ്ച അമേരിക്ക അറിയിച്ചിരുന്നു. ഇതിന്റെ തുടർനടപടിയായിട്ടാണു പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലബനന്റെയും ഇസ്രയേലിന്റെയും പ്രതിനിധികൾ ഈ മാസം 22നു വീണ്ടും ചർച്ച നടത്തും.
വെടിനിർത്തൽ പ്രഖ്യാപനം സംബന്ധിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ വലിയ അബദ്ധമാണെന്ന് ഇസ്രയേലിലെ തീവ്ര നിലപാടുകാരനായ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻഗവീർ പറഞ്ഞു.
യുഎസ്-ഇസ്രേലി ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ മാർച്ച് രണ്ടിനാണ് ഹിസ്ബുള്ള സംഘർഷത്തിൽ പങ്കാളിയാകുന്നത്. ഹിസ്ബുള്ള ഭീകരർക്ക് ലബനീസ് സേനയേക്കാൾ ശക്തിയും സ്വാധീനവുമുണ്ട്.
ഏപ്രിൽ 16ന് ഇസ്രയേലും-ലബനനും വെടിനിർത്താൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇരുവിഭാഗവും ആക്രമണങ്ങൾ തുടർന്നു. യുദ്ധമാരംഭിച്ചശേഷം ഇസ്രേലി ആക്രമണത്തിൽ ലബനനിൽ 3,516 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.